ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് യുഎഇയില്‍ മുങ്ങിമരിച്ചു. 25കാരനായ അനന്ദു ജനാര്‍ദനനാണ് മരിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം ഉമ്മുല്‍ഖുവൈന്‍ ബീച്ചില്‍ നിന്തുന്നതിനിടെയായിരുന്നു അപകടം.

കടലിലെ സുരക്ഷിത പ്രദേശത്തായിരുന്നു അനന്ദു നീന്തിയിരുന്നതെന്നും എന്നാല്‍ പ്രക്ഷുബ്ധമായ തിരമാലകളില്‍ പെട്ട് പെട്ടെന്ന് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോര്‍ജ് അലോഷ്യസ് പറഞ്ഞത്. സുഹൃത്തുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മൃതദേഹം തീരത്തടിയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉമ്മുല്‍ഖുവൈന്‍ പൊലീസും പാരമെഡിക്കല്‍, രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.