Asianet News MalayalamAsianet News Malayalam

252 ഇന്ത്യൻ നിയമലംഘകർ കൂടി സൗദിയിൽ നിന്ന് നാടണഞ്ഞു

ആറ് മലയാളികളും 21 തമിഴ്നാട്ടുകാരും 16 തെലങ്കാന - ആന്ധ്ര സ്വദേശികളും 21 ബിഹാറികളും 96 ഉത്തർപ്രദേശുകാരും 53 പശ്ചിമ ബംഗാൾ സ്വദേശികളും 11 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. 

252  expatriates caught for violations deported from saudi arabia
Author
Riyadh Saudi Arabia, First Published Dec 18, 2020, 9:27 PM IST

റിയാദ്: സൗദിയിൽ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 252 ഇന്ത്യക്കാർ കൂടി നാട്ടിലെത്തി. തൊഴിൽ, വിസാനിയമങ്ങൾ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇവർ വെള്ളിയാഴ്ച രാവിലെ 10ന് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് പോയത്. 

ആറ് മലയാളികളും 21 തമിഴ്നാട്ടുകാരും 16 തെലങ്കാന - ആന്ധ്ര സ്വദേശികളും 21 ബിഹാറികളും 96 ഉത്തർപ്രദേശുകാരും 53 പശ്ചിമ ബംഗാൾ സ്വദേശികളും 11 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 64 പേരെ ദമ്മാമിൽ നിന്ന് റിയാദിലെത്തിച്ചതാണ്. ബാക്കി 188 പേർ റിയാദിൽ നിന്ന് പിടിയിലായതാണ്. 

അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 3743 ആയി. 

കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിക്കുന്നത്. തടവുകാരുമായി 13ാമെത്ത സൗദി എയർലൈൻസ് വിമാനമാണ് വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്.
 

Follow Us:
Download App:
  • android
  • ios