Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. 

27 workers injured after bus collides with truck in dubai
Author
Dubai - United Arab Emirates, First Published Jan 13, 2021, 6:24 PM IST

ദുബൈ: ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‍ച രാവിലെ 8.45ഓടെ ജബല്‍ അലി ഫ്രീ സോണിലെ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലായിരുന്നു അപകടം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു പെര്‍ഫ്യൂം ഫാക്ടറിയിലെ ജീവനക്കാരാണ് അപകടത്തില്‍ പരിക്കേറ്റവരെല്ലാം. ഉടന്‍ തന്നെ ഇവരെ, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിന്റെ ഒരു ബസ് ആംബുലന്‍സില്‍ അടുത്തുള്ള എന്‍.എം.സി റോയല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. നാല് പേര്‍ക്കാണ് സാരമായ പരിക്കുകളുള്ളത്. മറ്റ് 23 പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. നിയമങ്ങളും വേഗപരിധിയും പാലിച്ചും ജാഗ്രതയോടെയും വാഹനമോടിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios