സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കാമെന്ന അനുമതി പ്രാബല്യത്തില്‍ വന്ന ശേഷം ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഈ മാസം മൂന്നു മുതലാണ് ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തിൻറെ മറ്റു ഭാഗങ്ങളും സന്ദർശിക്കാൻ അവസരം നൽകുന്ന നിയമം പ്രാബല്യത്തിൽ വന്നത്. 

നേരത്തെ ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർക്ക് ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് സന്ദർശിക്കാൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഒരു മാസത്തിനിട ഹജ് - ഉംറ മന്ത്രാലയം അനുവദിച്ചത് 3,72,767 ഉംറ വിസയാണ്. 

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അനുവദിച്ചതിനേക്കാൾ 52 ശതമാനം അധികം വരുമിത്. ഈ വർഷം ഏറ്റവും കൂടുതൽ ഉംറ വിസ അനുവദിച്ചത് പാകിസ്താനാണ്. 1,59,913 വിസയാണ് പാകിസ്താന് അനുവദിച്ചത്.  എന്നാൽ 82,581 വിസ ലഭിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഈ വർഷം എൺപതു ലക്ഷത്തിലേറെ തീർത്ഥാടകർ ഉംറാ നിർവ്വഹിക്കാൻ എത്തുമെന്നാണ് ഹജ്ജ് - ഉംറ മന്ത്രാലയത്തിന്റെ പ്രതീക്ഷ.