Asianet News MalayalamAsianet News Malayalam

തൊഴിലുടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ 30 വയസുകാരനായ പ്രവാസിക്ക് വധശിക്ഷ

പല തവണ കുത്തിയും കഴുത്തറുത്തുമാണ് യുവാവ് തന്റെ തൊഴിലുടമയെ കൊന്നത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. 

30 year old expat sentenced to death for brutal murder of employer
Author
Ajman - United Arab Emirates, First Published Jul 7, 2022, 10:46 AM IST

അജ്‍മാന്‍: തൊഴിലുടമയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 30 വയസുകാരനായ പ്രവാസിക്ക് യുഎഇയില്‍ വധശിക്ഷ. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ അജ്‍മാന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളും പ്രതിയും ഒരേ രാജ്യക്കാരാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

പല തവണ കുത്തിയും കഴുത്തറുത്തുമാണ് യുവാവ് തന്റെ തൊഴിലുടമയെ കൊന്നത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് കേസില്‍ നിര്‍ണായക തെളിവായത്. ശമ്പളത്തെയും വിസയെയും പറ്റിയുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

അജ്‍മാനിലെ ഒരു കഫെറ്റീരിയക്ക് സമീപം ഒരാളെ കുത്തിക്കൊന്നുവെന്ന റിപ്പോര്‍ട്ടായിരുന്നു പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ ഭീഷണി കാരണം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ അയാള്‍ പിന്തുടര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. നിരവധി തവണ കുത്തേറ്റ് നിലത്തുവീണതോടെ പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

Read also: ഓടിയ കിലോമീറ്ററില്‍ കൃത്രിമം കാണിച്ച് കാര്‍ വിറ്റയാളിന് കോടതിയില്‍ നിന്ന് പണി കിട്ടി

യുവാവിനെ അറസ്റ്റ് ചെയ്‍ത ശേഷം പബ്ലിക് പ്രോസിക്യൂഷന്‍നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്റെ നാട്ടുകാരന്‍ കൂടിയായ തൊഴിലുടമയെ കൊല്ലാന്‍ നേരത്തെ തന്നെ പദ്ധതിയിട്ടതായും പ്രതി പറഞ്ഞു. യുഎഇയില്‍ ജോലി ചെയ്യാനായി തന്നെ സന്ദര്‍ശക വിസയിലാണ് തൊഴിലുടമ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം മറ്റ് ഒന്‍പത് പേര്‍ക്ക് കൂടി ഇയാള്‍ വിസ നല്‍കുകയും അവരെ യുഎഇയിലേക്ക് കൊണ്ടുവരികയും ചെയ്‍തു. 

എന്നാല്‍ താമസ രേഖകള്‍ ശരിയാക്കുന്നതിനുള്ള ഒരു നടപടിയും ഇയാള്‍ സ്വീകരിക്കുകയോ കഴിഞ്ഞ നാല് മാസമായി ശമ്പളം നല്‍കുകയോ ചെയ്‍തില്ല. ഇത് ചോദ്യം ചെയ്‍തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് പിന്നീട് കൊലപാതകത്തില്‍ എത്തിയതെന്ന് ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ അജ്‍മാന്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

Read also: പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

Latest Videos
Follow Us:
Download App:
  • android
  • ios