കുവൈത്ത്: കുവൈത്തില്‍ ഇന്ന് മുന്നൂറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 3740 ആയി. അതേ സമയം ഒരാൾ കൂടി കുവൈത്തിൽ കൊ വിഡ് ബാധിച്ച് മരിച്ചു. കുവൈത്തിൽ ഏറ്റവും അധികം ആളുകൾക്ക് കൊവിഡ് 19 ബാധിച്ച ദിവസമാണിന്ന്.

ഇതോടൊപ്പം 213 പേർ രോഗവിമുക്തി നേടുകയും ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1389 ആയി വർദ്ധിച്ചു. അതിനിടെ, തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു ഫിലിപ്പൈൻസ് പൗരൻ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 24 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 294 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. പുതിയ കണക്ക് പ്രകാരം കുവൈത്തിലെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1769 ആയി. നിലവിൽ 2327 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 38 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വ്യക്തമാക്കി.