റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ നടക്കുന്ന പരിശോധനയിൽ ഒരാഴ്ചക്കിടെ 31,153 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വ്യാപക പരിശോധന. ഒരാഴ്ചക്കുള്ളിൽ 31,153 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായും 65 പ്രായപൂർത്തിയാകാത്ത ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ 1,088 വാഹനാപകടങ്ങളാണ് കുവൈത്തിലുണ്ടായത്. ഇതിൽ 159 അപകടങ്ങളിൽ ആളുകൾക്ക് ജീവൻ നഷ്ടമാകുകയോ പരിക്കുകളുണ്ടാകുകയോ ചെയ്തു. 929 അപകടങ്ങളിൽ വസ്തുക്കൾക്ക് നാശനഷ്ടങ്ങളുണ്ടായി. 19 ഗുരുതര നിയമലംഘകരെ ട്രാഫിക് പോലീസിന് കൈമാറി. ആറ് വാഹനങ്ങൾ പിടിച്ചെടുക്കുകയും, വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ മൂന്ന് വിദേശികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ടവരും, 48 പേർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുമാണെന്നാണ് കണ്ടെത്തൽ. ബ്രിഗേഡിയർ ജനറൽ അബ്ദുള്ള അൽ അത്തിഖിയുടേയും ബ്രിഗേഡിയർ ജനറൽ സാദ് അൽ ഖത്വാനിന്റെയും നേതൃത്വത്തിലാണ് ട്രാഫിക് പരിശോധനകൾ നടന്നത്.