ദേശീയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലുള്ള പൗരന്മാർക്കും താമസക്കാർക്കും വേണ്ടി ആരോഗ്യ വിഭവങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

കുവൈത്ത് സിറ്റി: താൽക്കാലിക വിസകളിലോ സന്ദർശനത്തിനായോ കുവൈത്തിൽ എത്തുന്നവർക്ക് ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ നൽകുന്ന ആരോഗ്യ സേവനങ്ങൾ ലഭിക്കില്ല. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മുൻകാലങ്ങളിൽ സന്ദർശന വിസയിൽ എത്തിയശേഷം നിരവധി പേരാണ് ചിലവേറിയ സൗജന്യ ചികിത്സ നേടിയിരുന്നത്. ഇതിനെത്തുടർന്നാണ് പുതിയ തീരുമാനം.

ദേശീയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലുള്ള പൗരന്മാർക്കും താമസക്കാർക്കും വേണ്ടി ആരോഗ്യ വിഭവങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കുവൈത്തിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ സുസ്ഥിരത ഉറപ്പാക്കാനും, സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്താനും, വൈദ്യസഹായം ആവശ്യമുള്ളവരിലേക്ക് വിഭവങ്ങൾ എത്തിക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പ്രവർത്തനക്ഷമതയും സേവനങ്ങളിലേക്കുള്ള തുല്യമായ പ്രവേശനവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒരു ‘സമഗ്ര ആരോഗ്യ വീക്ഷണത്തിൻ്റെ’ ഭാഗമാണ് ഈ നയപരമായ മാറ്റം. തിരക്ക് കുറയ്ക്കുന്നതിലൂടെയും സൗകര്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിലൂടെയും രോഗികളുടെ സംതൃപ്തി വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.