കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,27,300 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ (United Arab Emirates) പുതിയതായി 321 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 393 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,27,300 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,34,596 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,26,806 പേര്‍ രോഗമുക്തരായി. 2,089 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,781 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 19.7 ദശലക്ഷം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് രോഗവ്യാപനം കാര്യമായി കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവുകള്‍ അനുവദിച്ചിരുന്നു. ബീച്ചുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് ഈയാഴ്‍ച അധികൃതര്‍ അറിയിച്ചിരുന്നു. തുറസായ സ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും അടച്ചിട്ട സ്ഥലങ്ങളില്‍ ഒരു വ്യക്തി ഒറ്റയ്‍ക്കായിരിക്കുമ്പോഴും മാസ്‍ക് ധരിക്കേണ്ടതില്ല.