കൊച്ചി: പ്രവാസികളുമായി 24 വിമാനങ്ങൾ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നാലായിരത്തോളം പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഗള്‍ഫ് രാജ്യങ്ങൾക്ക്  പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ  നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു.

പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാമുൻകരുതലുകൾ പാലിച്ചാണ് യാത്രക്കാരെത്തുന്നത്. അതേസമയം, നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം. ബഹ്റൈനിൽ നിന്നും ഒമാനിൽ നിന്നും വരുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫേസ് മാസ്ക്കുമാണ് വേണ്ടത്.

എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോകുകയായിരുന്നു. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്നവർ എൻ 95 മാസ്ക്കും ഫേസ് ഷീൽഡും കയ്യുറയും ധരിക്കണം. ആന്‍റിബോഡി പരിശോധന നിലവിലുള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഖത്തറിൽ നിന്നുള്ളവർക്ക് എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കണം. ഇവിടെ എത്തുമ്പോൾ കൊവിഡ് പരിശോധന വേണം. കുവൈറ്റിൽ നിന്ന് പരിശോധന ഇല്ലാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. പരിശോധനകളില്ലാതെ എത്താൻ കഴിയുമായിരുന്നു അവസാനദിവസമായ ഇന്നലെ 72 വിമാനങ്ങളിലായി 14058 പേരാണ് സംസ്ഥാനത്ത് എത്തിയത്.