പട്ടികയ്‍ക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും ബിദൂനികളും ഉള്‍പ്പെടെ 100 പേര്‍ക്ക് ഉടന്‍ ജയില്‍ മോചനം സാധ്യമാവും. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന മറ്റ് 250 പേരുടെ ജയില്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കുകയായിരിക്കും ചെയ്യുക.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ഈ വര്‍ഷത്തെ പൊതുമാപ്പിന്റെ (Amiri pardon) ആനുകൂല്യം 350 തടവുകാര്‍ക്ക് ലഭ്യമാക്കാന്‍ തീരുമാനം. പൊതുമാപ്പ് അനുവദിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പട്ടികയ്‍ക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും ബിദൂനികളും ഉള്‍പ്പെടെ 100 പേര്‍ക്ക് ഉടന്‍ ജയില്‍ മോചനം സാധ്യമാവും.

പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന മറ്റ് 250 പേരുടെ ജയില്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കുകയായിരിക്കും ചെയ്യുക. ഇവരില്‍ ചിലര്‍ക്ക് പിഴ ശിക്ഷയിലും ഇളവ് അനുവദിക്കും. ശിക്ഷാ ഇളവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അറ്റോര്‍ണി ജനറലിന്റെ അംഗീകാരത്തിനായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന് സമര്‍പ്പിക്കും. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷം അന്തിമ പരിശോധനയ്‍ക്കും അംഗീകാരത്തിനുമായി അമീരി ദിവാന്റെ പരിഗണനയ്‍ക്ക് അയക്കും. ഇതിന് ശേഷം ശിക്ഷാ ഇളവ് നല്‍കപ്പെടുന്നവരുടെയും ജയില്‍ മോചിതരാക്കപ്പെടുന്നവരുടെയും പട്ടിക ഉള്‍പ്പെടുത്തിയുള്ള ഉത്തരവ് ഫെബ്രുവരി 25ന് പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ജയില്‍ മോചിതരാക്കപ്പെടുന്ന വിദേശികളെ നാടുകടത്തുന്നതിനായി ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലേക്ക് അയക്കും. സ്വദേശികള്‍ക്കും ബിദൂനികള്‍ക്കും മോചിതരാക്കപ്പെട്ടാലും യാത്രാ വിലക്കുണ്ടാവും. ഇവരെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും.