ദുബായ്: പിന്നിലേക്ക് എടുക്കുകയായിരുന്ന കാറിടിച്ച് യുഎഇയില്‍ നാല് വയസുകാരി മരിച്ചു.  ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. ദുബായിലെ ജബല്‍ അലിയില്‍ സ്കൂളിന് സമീപത്തായിരുന്നു ദാരുണമായ സംഭവം.

തിങ്കളാഴ്ച വൈകുന്നേരം 3.40നാണ് അപകടത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ആദില്‍ അല്‍ സുവൈദി പറഞ്ഞു. ആഫ്രിക്കക്കാരിയായ ഒരു സ്ത്രീ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിവേഗത്തില്‍ പിന്നിലേക്ക് കുതിച്ചുവന്ന വാഹനം അമ്മയേയും കുഞ്ഞിനേയും ഇടിച്ചിട്ടു. അപകടമുണ്ടാക്കിയ കാറിന്റെയും നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു കാറിന്റെയും ഇടയില്‍ പെട്ട് ചതഞ്ഞാണ് കുട്ടി മരിച്ചത്. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റ് മൂന്ന് കാറുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.