ബുധനാഴ്‍ച രാവിലെ ഒന്‍പത് മണിക്ക് ദേശീയ പകുതി ഉയര്‍ത്തുമെന്നാണ് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

അബുദാബി: യുഎഇയില്‍ മുന്‍പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ചൊവ്വാഴ്ച അവസാനിക്കും. പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണിപ്പോള്‍.

ബുധനാഴ്‍ച രാവിലെ ഒന്‍പത് മണിക്ക് ദേശീയ പകുതി ഉയര്‍ത്തുമെന്നാണ് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ മേയ് 13 വെള്ളിയാഴ്ചയാണ് അന്തരിച്ചത്. വെള്ളിയാഴ്‍ച രാത്രി തന്നെ ശൈഖ് ഖലീഫയുടെ മൃതദേഹം ഖബറടക്കിയിരുന്നു. അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ യുഎഇ ഭരണാധികാരികളുടെയും രാജകുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. 

തൊട്ടടുത്ത ദിവസമായ ശനിയാഴ്‍ച യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ തെരഞ്ഞെടുത്തു. നേരത്തെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായിരുന്ന അദ്ദേഹത്തെ യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്മാര്‍ ഒത്തുചേര്‍ന്നാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് മേയ് 13നാണ് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു. യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

യുഎഇയുടെ ഉറ്റ സൗഹൃദ രാജ്യമായ ഇന്ത്യ മേയ് 14ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അടക്കമുള്ളവർ ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ദില്ലിയിലെ യുഎഇ എംബസിയിലെത്തി അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ അനുശോചനം നേരിട്ട് അറിയിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പിന്നീട് അബുദാബിയിലെത്തുകയും ചെയ്തു.