Asianet News MalayalamAsianet News Malayalam

Gulf News : അഞ്ച് വര്‍ഷമായി നിരവധി വിവാഹ ആലോചനകള്‍ നിരസിച്ച പിതാവിനെതിരെ പരാതിയുമായി മകള്‍ കോടതിയില്‍

അഞ്ച് വര്‍ഷമായി നിരവധി വിവാഹ ആലോചനകള്‍ നിരസിച്ച പിതാവിനെതിരെ പരാതിയുമായി മകള്‍ കോടതിയെ സമീപിച്ചു. ഒടുവില്‍ കോടതി ഇടപെട്ട് വിവാഹം

40 year old woman approaches court against her father stating that he is not allowing her to get married
Author
Riyadh Saudi Arabia, First Published Jan 8, 2022, 5:01 PM IST

റിയാദ്: വിചിത്രമായൊരു പരാതിയുമായാണ് സൗദി അറേബ്യയിലെ 40 വയസുകാരി സിവില്‍ അഫയേഴ്‍സ് കോടതിയെ (Saudi civil affairs court) സമീപിച്ചത്. പ്രശ്‍നം എന്തെന്നാല്‍ തനിക്ക് വരുന്ന എല്ലാ വിവാഹ ആലോചനകളും (Marriage proposals) പിതാവ് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വിസമ്മതിക്കുന്നു. പരാതി വിശദമായി പരിഗണിച്ച കോടതി ആദ്യ സിറ്റിങില്‍ തന്നെ കേസിന് പരിഹാരമുണ്ടാക്കി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്‍തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരവധി യുവാക്കളാണ് യുവതിക്ക് വിവാഹ ആലോചനയുമായി വന്നത്. അവയെല്ലാം പിതാവ് പല കാരണങ്ങള്‍ പറഞ്ഞ് വിസമ്മതിച്ചു. ഏറ്റവുമൊടുവില്‍ അടുത്തിടെ വന്ന ഒരു വിവാഹാലോചനയും ഇതുപോലെ മുടക്കിയപ്പോഴാണ് മറ്റ് വഴികളില്ലാതെ പിതാവിന്റെ ധാര്‍ഷ്‍ഠ്യത്തിനെതിരെ യുവതി കോടതിയെ സമീപിച്ചത്.

ഒരു മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവാണ് ഏറ്റവുമൊടുവില്‍ വിവാഹമാലോചിച്ച് വന്നത്. അദ്ദേഹത്തെ തനിക്ക് ഇഷ്‍ടമായെന്നും വിവാഹം നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. തനിക്ക് പ്രായമേറി വരുന്നതിനാല്‍ വിവാഹം കഴിക്കാനും കുടുംബ ജീവിതം നയിക്കാനുമുള്ള തന്റെ ആഗ്രഹം ഒരിക്കലും നടക്കാതെയായിപ്പോകുമോ എന്ന ഭയമുണ്ടെന്നും പരാതിയില്‍ പറഞ്ഞു. തന്റെ രക്ഷാകര്‍തൃത്വം പിതാവില്‍ നിന്ന് മാറ്റണമെന്നതായിരുന്നു യുവതിയുടെ പ്രധാന ആവശ്യം.

കേസ് വിശദമായി പരിശോധിച്ച കോടതി പിതാവിനെ വിളിച്ചുവരുത്തി. യുവതി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പിതാവും ഇത് സമ്മതിച്ചു. എന്നാല്‍ യുവതി കുടുംബാംഗങ്ങളെ അനുസരിക്കുന്നില്ലെന്നായിരുന്നു പിതാവിന്റെ ആരോപണം. ഇപ്പോഴത്തെ വിവാഹം നടത്താന്‍ താന്‍ സമ്മതിക്കില്ലെന്നും അത് തങ്ങളുടെ കുടുംബത്തിന് ചേര്‍ന്ന ആലോചനയല്ലെന്നും ഇയാള്‍ വാദിച്ചു.

യുവതിക്കും പിതാവിനും ഇടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കോടതി ശ്രമിച്ചെങ്കിലും പിതാവ് വഴങ്ങിയില്ല. ഇതോടെ യുവതിയെ വിവാഹം കഴിപ്പിക്കാനുള്ള പിതാവിന്റെ രക്ഷാകര്‍തൃത്വ അവകാശം കോടതി റദ്ദാക്കുകയായിരുന്നു. പകരം വിവാഹം നടത്താന്‍ ശരീഅത്ത് കോടതിയെ ചുമതലപ്പെടുത്തി. വിധി പ്രകാരം ശരീഅത്ത് കോടതി ജഡ്‍ജിയുടെ രക്ഷാകര്‍തൃത്വത്തില്‍ യുവതിയുടെ വിവാഹം നടത്തുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios