അല്‍ വസീത കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് ദുരിതക്കയത്തില്‍ കഴിഞ്ഞുവന്നിരുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്നതിന് പുറമെ താമസ സ്ഥലത്ത് വൈദ്യുതിയും വെള്ളവുമില്ലാതെ നരകിച്ചാണ് 70 മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ കഴിഞ്ഞുവന്നത്. 

അബുദാബി: മാസങ്ങളായി ശമ്പളമില്ലാതെ കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെയുള്ള 400 പേരുടെ ദുരിതത്തിന് അറുതായായി. അബുദാബിയിലെ വിവിധ മന്ത്രാലയങ്ങളും മൊബൈല്‍ കോടതിയും പൊലീസും വിവിധ രാജ്യങ്ങളുടെ എംബസികളും ചേര്‍ന്ന് നടത്തിയ ശ്രമം വിജയം കണ്ടു. കിട്ടാനുള്ള ശമ്പളത്തിന്റെ പകുതിയും മറ്റ് ആനുകൂല്യങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ഇവര്‍ക്ക് ഉടന്‍ ലഭ്യമാക്കും.

അല്‍ വസീത കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് ദുരിതക്കയത്തില്‍ കഴിഞ്ഞുവന്നിരുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്നതിന് പുറമെ താമസ സ്ഥലത്ത് വൈദ്യുതിയും വെള്ളവുമില്ലാതെ നരകിച്ചാണ് 70 മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ കഴിഞ്ഞുവന്നത്. ഇവരുടെ അവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തായായതോടെ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടു. അടിയന്തരമായി വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ അബുദാബി അധികൃതര്‍ പുനഃസ്ഥാപിച്ചു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ഇതിനായി മൊബൈല്‍ കോടതിയും വിട്ടുനല്‍കി.

കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊണ്ട് മറ്റ് ജോലികള്‍ നേടാന്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ ഉടന്‍ പകുതി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി നാട്ടിലേക്ക് അയക്കാമെന്നും അധികൃതര്‍ അറിയിച്ചു. നിയമപ്രകാരം കമ്പനി, തൊഴിലാളികളുടെ പേരില്‍ കെട്ടിവെച്ച ബാങ്ക് ഗ്യാരന്റിയായ 30 ലക്ഷം ദിര്‍ഹം ഉപയോഗിച്ചായിരിക്കും ബാധ്യത തീര്‍ക്കുക. തൊഴിലാളികളില്‍ 310 പേരും ഈ നിര്‍ദേശം അംഗീകരിച്ചു. ഇവരില്‍ കോടതിയില്‍ പോയി ഇതിനോടകം അന്തിമ അനുകൂല വിധി നേടിയ മൂന്ന് പേര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കും.

എന്നാല്‍ അവശേഷിക്കുന്ന 90 പേര്‍ അബുദാബിയില്‍ തന്നെ തുടര്‍ന്ന് കമ്പനിക്കെതിരെ കേസ് നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. മുഴുവന്‍ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും കിട്ടണമെന്ന ആവശ്യത്തോടെയാണ് ഇവര്‍ നിയമനടപടി തുടരുന്നത്. യുഎഇയില്‍ തന്നെ തുടരണമെന്നുള്ളവര്‍ക്ക് മറ്റ് ജോലികള്‍ കണ്ടെത്താനുള്ള സഹായം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.