അബുദാബി: യുഎഇയില്‍ പുതുതായി 412 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 81 പേര്‍ക്ക് രോഗം ഭേദമായി. ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ച മൂന്നുപേരും ഏഷ്യയില്‍ നിന്നുള്ളവരാണ്.  

4933 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 933 പേര്‍ക്ക് രോഗം ഭേദമായി. 28 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം രാജ്യത്ത് 32,000 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഊര്‍ജ്ജിതമായ പരിശോധനകള്‍ മൂലമാണ് പുതിയ രോഗികളെ കണ്ടെത്താനായതെന്ന് ആരോഗ്യരോഗ പ്രതിരോധ മന്ത്രാലായം അറിയിച്ചു.

ഭിന്നശേഷിക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമുണ്ടെങ്കില്‍ അവരുടെ വീടുകളിലെത്തി കൊവിഡ് പരിശോധ നടത്തുന്നതിനുള്ള ദേശീയ പദ്ധതിക്ക് കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടക്കം കുറിച്ചിരുന്നു.