Asianet News MalayalamAsianet News Malayalam

ഈ വർഷം ഇതുവരെ ഗല്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 4537 ഇന്ത്യക്കാര്‍

ശമ്പളം ലഭിക്കാതിരിക്കുക, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുക തുടങ്ങിയവയുടെ പേരിലാണ് കൂടുതല്‍ പരാതികള്‍ ലഭിക്കാറുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. 

4537 indians died in gulf countries this year
Author
Delhi, First Published Nov 21, 2019, 3:08 PM IST

ദില്ലി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്ന് ശരാശരി 52 പരാതികള്‍ ദിവസവും എംബസികളില്‍ ലഭിക്കുന്നുവെന്ന് കണക്കുകള്‍. ഈ വര്‍ഷം ഒക്ടോബര്‍ 12 വരെ ഇത്തരത്തില്‍ 15,051 പരാതികള്‍ ലഭിച്ചതായും ബുധനാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമാന്‍, യുഎഇ, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ എംബസികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണിത്.

ശമ്പളം ലഭിക്കാതിരിക്കുക, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുക തുടങ്ങിയവയുടെ പേരിലാണ് കൂടുതല്‍ പരാതികള്‍ ലഭിക്കാറുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. തൊഴില്‍ വിസ നല്‍കാതിരിക്കുകയോ പുതുക്കി നല്‍കാതിരിക്കുകയോ ചെയ്യുക, ഓവര്‍ടൈം വേതനം നിഷേധിക്കുക, പ്രതിവാര അവധി ദിനങ്ങള്‍ നിഷേധിക്കുകയോ അധികസമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികളും ലഭിക്കാറുണ്ട്.

നാട്ടില്‍ പോയിവരാന്‍ അനുവദിക്കാതിരിക്കുകയോ കരാര്‍ കാലാവധി കഴിഞ്ഞശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത് സംബന്ധിച്ചും പരാതികളുണ്ട്. മരണശേഷം നഷ്ടപരിഹാരം നിഷേധിച്ചതിനും പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു.

4286 പരാതികള്‍ ലഭിച്ചിട്ടുള്ള സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയാണ് പരാതികളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. കുവൈത്തില്‍ 3496ഉം  യുഎഇയില്‍ നിന്ന് 2493ഉം പരാതികള്‍ ലഭിച്ചു. ഒമാനിലെ എംബസിയില്‍ 2308 പേര്‍ പരാതികളുമായെത്തി. ഖത്തറിലെ എംബസിയില്‍ 1883ഉം ബഹ്റൈനില്‍ 535 പരാതികളും ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ വരെ 4537 മരണങ്ങള്‍
വിദേശത്ത് മരണപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകളും കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെച്ചു. ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 4537 ഇന്ത്യക്കാരനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്. സൗദി അറേബ്യയില്‍ 1920 ഇന്ത്യക്കാരും യുഎഇയില്‍ 1451 പേരും മരിച്ചു. കുവൈത്തില്‍ - 584, ഒമാനില്‍ - 402, ബഹ്റൈനില്‍ - 180 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക്.

ആറ് ഗൾഫ് രാജ്യങ്ങളിലായി 30 ദശലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്  ഇതിൽ 90 ശതമാനം പേരും അർദ്ധ നൈപുണ്യമുള്ളവരോ (Semi skilled) അവിദഗ്ദ്ധ  തൊഴിലാളികളോ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios