കുവൈത്ത് സിറ്റി: കുവൈത്തില്‍ 46 ശതമാനം പേര്‍ക്കും കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രം നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വാക്സിനെത്തിയാല്‍ അത് സ്വീകരിക്കുന്ന കാര്യത്തിലെ അഭിപ്രായങ്ങളും തയ്യാറെടുപ്പുകളും ആരാഞ്ഞാണ് പ്രത്യേക ചോദ്യാവലി തയ്യാറാക്കി സര്‍വേ നടത്തിയത്.

വിവിധ പ്രായത്തിലുള്ള 10,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 46 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത അറിയിച്ചപ്പോള്‍ 39 ശതമാനം പേരും കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വിഷയത്തില്‍ താത്പര്യമില്ലെന്നായിരുന്നു 15 ശതമാനത്തിന്റെ പ്രതികരണം.

അതേസമയം വാക്സിന്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കുമെന്നും അത് ഉപയോഗിക്കുന്നതില്‍ വിമുഖത വേണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കര്‍ശനമായ ശാസ്‍ത്രീയ പരിശോധനകളും നീണ്ട പരീക്ഷണങ്ങളും നടത്തിയാണ് വാക്സിനുകള്‍ തയ്യാറാക്കുന്നതെന്നതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഡോക്ടര്‍മാര്‍ ജനങ്ങളെ അറിയിച്ചു. മരുന്ന് സ്വീകരിച്ചാല്‍ പിന്നീട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭീതിയാണ് പലരെയും ഇതില്‍ നിന്ന് അകറ്റുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു.