റിയാദിലെ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കവിതയുടെയും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായ ഷബീർ, സഹ ഉദ്യോഗസ്ഥൻ സൂരജ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടപടികൾ പുരോഗമിച്ചത്.
റിയാദ്: സൗദി അറേബ്യയിൽ 491 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതി. സൗദിയിലെ ഏക പരീക്ഷാ കേന്ദ്രമായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലാണ് ഇന്നലെ പരീക്ഷ നടന്നത്. ആകെ 498 പേരാണ് അപേക്ഷിച്ചത്. ഏഴ് പേർ എഴുതാൻ എത്തിയത്. രാവിലെ 8.30 മണിയോടെ തന്നെ വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ എത്തി തുടങ്ങിയിരുന്നു. വളരെ കൃത്യതയോടെയുള്ള സജ്ജീകരണങ്ങളാണ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് പ്രിൻസിപ്പൽ മീരാ റഹ്മാന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്.
റിയാദിലെ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കവിതയുടെയും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായ ഷബീർ, സഹ ഉദ്യോഗസ്ഥൻ സൂരജ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടപടികൾ പുരോഗമിച്ചത്. 21 ക്ലാസ് റൂമുകളിലായി നടന്ന പരീക്ഷ നടത്തിപ്പിനായി മൊത്തം 42 ഇൻവിജിലേറ്റർമാരെ നിശ്ചയിച്ചിരുന്നു. രണ്ട് ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിൽ 24 പരീക്ഷാർത്ഥികളെയാണ് ഓരോ പരീക്ഷാ ഹാളിലും ക്രമീകരിച്ചിരുന്നത്. 70 ഓളം എംബസി ജീവനക്കാരും പരീക്ഷ നടത്തിപ്പിന്റെ വിവിധ രംഗങ്ങളിൽ സഹകരിച്ചു.
491 പേരുടെയും ഉത്തരകടലാസുകൾ ക്രമീകരിച്ചു എംബസിയിൽ എത്തിക്കുകയും പിന്നീട് ഡൽഹിയിലേക്ക് അയക്കുകയും ചെയ്യുന്ന ചുമതലയും ഇന്നലെ രാത്രിയോടെത്തന്നെ പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തവണ ഇന്ത്യക്ക് പുറമെ 12 രാജ്യങ്ങളിലായി 14 പരീക്ഷ കേന്ദ്രങ്ങളാണ് നീറ്റ് പരീക്ഷക്കായി ഒരുക്കിയിരുന്നത്. ഇതിൽ എട്ട് കേന്ദ്രങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലാണ്. യു.എ.ഇയിൽ മൂന്നും ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.
