മസ്‌കത്ത്: ഒമാനില്‍ ഇന്ന് അമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതില്‍  24 പേര്‍  വിദേശികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1069 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. 176  പേര്‍ക്ക് രോഗമുക്തരായി.

അതേസമയം ചികിത്സയിലിരുന്ന, ഒമാനില്‍ സ്ഥിരതാമസക്കാരനായ ഒരു വിദേശി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊവിഡ് മൂലം രാജ്യത്തെ അഞ്ചാമത്തെ മരണമാണിതെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് 19 മൂലം ഒമാനിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 31നായിരുന്നു. 

രണ്ടാമത്തെ മരണം ഏപ്രില്‍ നാല് ശനിയാഴ്ചയും. ഇവര്‍ രണ്ടുപേരും 77 വയസ്സ് പ്രായമുള്ള ഒമാന്‍ സ്വദേശികളായിരുന്നു. 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി ഏപ്രില്‍ 11ന് മരിച്ചു. ഏപ്രില്‍ 12 ന് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. 37കാരനായ പ്രവാസിയാണ് മരിച്ചത്.