ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചുതുടങ്ങി.
ദോഹ: ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് (Traffic fines) 50 ശതമാനം ഇളവ് (50 percentage discount) അനുവദിച്ചുതുടങ്ങി. നേരത്തെ പ്രഖ്യാപിച്ച പദ്ധതി ഡിസംബര്‍ 18 ശനിയാഴ്‍ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. ദീര്‍ഘകാലമായി അടയ്‍ക്കാതെ കിടക്കുന്ന പിഴകള്‍ 50 ശതമാനം ഇളവോടെ ഇപ്പോള്‍ അടച്ചുതീര്‍ക്കാനാവും.
ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന 'ട്രാഫിക് നിയമലംഘനങ്ങള്‍ തീര്‍പ്പാക്കല്‍ പദ്ധതി' അടുത്ത മൂന്ന് മാസത്തേക്ക് കൂടി പ്രാബല്യത്തിലുണ്ടാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രസ്‍താവനയില്‍ വ്യക്തമാക്കി. മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ പിഴത്തുക അടയ്‍ക്കാനുള്ള സംവിധാനമുണ്ട്. ഇപ്പോഴത്തെ ആനുകൂല്യം ഉപയോഗപ്പെടുത്തി പിഴകള്‍ എത്രയും വേഗം അടച്ചുതീര്‍ക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത നിയമ നടപടികളുണ്ടാകുമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
