റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്. ദുബൈ വിപണിയിൽ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് വിലയിൽ ഈ കുറവുണ്ടായത്.
ദുബൈ: റെക്കോർഡ് വർധനവിന് ശേഷം ദുബൈ വിപണിയിൽ സ്വർണവിലയിൽ നേരിയ കുറവ്. തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വില വര്‍ധനവിന് ശേഷം ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിന്‍റെ തുടക്കത്തിൽ ദുബായ് വിപണിയിൽ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് വിലയിൽ ഈ നേരിയ കുറവുണ്ടായത്.
ദുബൈയിലെ ഇന്നത്തെ വില
(ചൊവ്വാഴ്ച രാവിലെ 9 മണിക്ക്)
24 കാരറ്റ്: 554.0 ദിർഹം (ഗ്രാമിന്)
22 കാരറ്റ്: 513.0 ദിർഹം (ഗ്രാമിന്)
21 കാരറ്റ്: 491.75 ദിർഹം (ഗ്രാമിന്)
18 കാരറ്റ്: 421.5 ദിർഹം (ഗ്രാമിന്)
തിങ്കളാഴ്ച വൈകുന്നേരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 555.75 ദിർഹം എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 12.5 ദിർഹത്തിന്റെ വർധനവാണ് അന്നുണ്ടായത്.
ആഗോള വിപണിയിലെ സാഹചര്യം
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,600 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് ഇതിന് പ്രധാന കാരണം. നിലവിലെ വിലവർദ്ധനവ് ഒരു താൽക്കാലിക പ്രതിഭാസമല്ലെന്നും മറിച്ച് ലോകസാഹചര്യങ്ങളിലുണ്ടായ മാറ്റം മൂലമാണെന്നും സാമ്പത്തിക വിദഗ്ധയായ റാനിയ ഗുലെ നിരീക്ഷിക്കുന്നു.
അമേരിക്കയുടെ വെനസ്വേലൻ ഇടപെടൽ, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കുള്ള സാധ്യത, റഷ്യ-യുക്രെയ്ൻ യുദ്ധം, ചൈന-ജപ്പാൻ തർക്കം എന്നിവ ആഗോളതലത്തിൽ വലിയ അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്. ഓഹരി വിപണിയിലെയും കറൻസി വിപണിയിലെയും റിസ്ക് ഒഴിവാക്കാൻ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നതും വില വർധനവിന് കാരണമായി. ആഭരണം എന്നതിനൊപ്പം നിക്ഷേപം എന്ന ആകർഷണമാണ് ദുബൈയിൽ സ്വർണം. എമിറേറ്റ്സ് എൻബിഡി ഈയിടെ ഉപഭോക്താക്കൾക്ക് അക്കൗണ്ട് വഴി നേരിട്ടും വിർച്വലായും വാങ്ങാവുന്ന ഗോൾഡ് ബാറുകൾ അവതരിപ്പിച്ചിരുന്നു. നിക്ഷേപിച്ചവർക്കെല്ലാം നേട്ടം ഉണ്ടായ ദിവസമാണ് കടന്നു പോയത്.


