കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്ന വാഹനപരിശോധനകള്‍ തുടരുന്നു. നിയമലംഘനങ്ങള്‍ നടത്തിയ നിരവധിപ്പേര്‍ക്ക് പിഴ ചുമത്തിയതായും ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയവരെ അറസ്റ്റ് ചെയ്‍തതായും അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹിന്റെ നേതൃത്വത്തില്‍ നടന്ന കാമ്പയിനില്‍ 28,000ല്‍ അധികം നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയ 11 ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ ലഭിച്ചു. ലൈസന്‍സില്ലാതെ വാഹനമോടിച്ച 54 കൗമാരക്കാരെയും ഏഴ് പ്രവാസികളെയും തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ വിഭാഗങ്ങള്‍ക്ക് കൈമാറി. പിടിയിലായ പ്രവാസികളെ നാടുകടത്താനായി അഡ്‍മിനിസ്‍ട്രേറ്റീവ് ഡീപോര്‍ട്ടേഷന്‍ വകുപ്പിന് കൈമാറും.