തൊഴിൽ സംബന്ധമായ 300 ഓളം പ്രശ്നങ്ങൾ വിജയകരമായി പരിഹരിച്ചു. ദുരിതബാധിതരായ 400 ഓളം ഇന്ത്യക്കാർക്ക് പിന്തുണയും സഹായവും നൽകുന്നതിനായി അവരുമായി കോൺസുലേറ്റ് അധികൃതർ ഓൺലൈൻ മീറ്റിങ് നടത്തി.

റിയാദ്: സൗദി പടിഞ്ഞാറൻ മേഖലയിൽ നിന്നും വിവിധ നിയമപ്രശ്നങ്ങളിൽപെട്ട 5,992 ഇന്ത്യൻ തൊഴിലാളികളെ ഈ വർഷം തിരിച്ചയച്ചെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. തൊഴിലിടത്തുനിന്ന് ഒളിച്ചോടിയവരായി (ഹുറൂബ്) സ്പോൺസർമാർ പ്രഖ്യാപിച്ച 3,092ഉം താമസരേഖ (ഇഖാമ)യുടെ കാലാവധി കഴിഞ്ഞ 2,900 ഉം പേരെടയാണ് കോൺസുലേറ്റിെൻറ ഇടപെടലിൽ ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലയക്കാൻ കഴിഞ്ഞതെന്ന് കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം മാധ്യമപ്രവർത്തകരെ അറിയിച്ചു.

തൊഴിൽ സംബന്ധമായ 300 ഓളം പ്രശ്നങ്ങൾ വിജയകരമായി പരിഹരിച്ചു. ദുരിതബാധിതരായ 400 ഓളം ഇന്ത്യക്കാർക്ക് പിന്തുണയും സഹായവും നൽകുന്നതിനായി അവരുമായി കോൺസുലേറ്റ് അധികൃതർ ഓൺലൈൻ മീറ്റിങ് നടത്തി. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി സാമൂഹികക്ഷേമനിധിയിൽനിന്ന് ഏകദേശം 15 ലക്ഷം രൂപ അനുവദിച്ചു. 

Read Also - ഇന്ത്യ ഉൾപ്പടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി വിസ വേണ്ട; ഇളവ് അനുവദിച്ച് ഈ രാജ്യം

റിപ്പോർട്ട് ചെയ്യപ്പെട്ട 1,200 മരണങ്ങളിൽ 981 മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കം ചെയ്യുന്നതിനും 219 എണ്ണം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും എൻ‌.ഒ‌.സി നൽകി. വിവിധ കേസുകളിൽ മരണ നഷ്ടപരിഹാരമായി അഞ്ച് കോടിയിലധികം രൂപയും സേവനാനന്തര ആനുകൂല്യങ്ങളും കുടിശ്ശികയായ ശമ്പളവും ഉൾപ്പെടെ തീർപ്പാകാതെ കിടന്നിരുന്നതും നിയമപരമായി ലഭിക്കേണ്ടതുമായ രണ്ട് കോടിയോളം രൂപയും ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാക്കാൻ കോൺസുലേറ്റ് സഹായിച്ചു. 

ഈ ശ്രമങ്ങളിൽ പിന്തുണച്ച സൗദി അധികാരികളോട് നന്ദി അറിയിച്ചതായും കോൺസുൽ പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കായി ജിദ്ദ ഷെറാട്ടൺ ഹോട്ടലിൽ കോൺസുലേറ്റ് സംഘടിപ്പിച്ച അത്താഴ വിരുന്നിലാണ് കോൺസുൽ മുഹമ്മദ് ഹാഷിം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

(ഫോട്ടോ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം ജിദ്ദയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകർ)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...