ദുബായ്: ആശങ്കയ്ക്കൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്ന ആശ്വാസത്തിലാണ് ഗള്‍ഫ് മലയാളികള്‍. നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണി ആതിരയും ആദ്യസംഘത്തിലുണ്ട്.പ്രാദേശിക സമയം വൈകീട്ട് നാലുമണിക്ക് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെടും. ദുബായില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനം വൈകീട്ട് 5.10നും യാത്രതിരിക്കും. 

170 -പേരായിരിക്കും ഒരു വിമാനത്തില്‍ ഉണ്ടാവുക. ആദ്യ ദിനയാത്രക്കാർക്കുള്ള ടിക്കറ്റ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിെൻറയും നിർദേശപ്രകാരം നല്‍കിക്കഴിഞ്ഞു. 6500 ഗര്‍ഭിണികളാണ് യുഎഇയില്‍ നിന്നുമാത്രം നാട്ടിലേക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ യുവതി ആതിരയും ആദ്യസംഘത്തിലുണ്ട്

ജോലി നഷ്ടമായവര്‍, വിസാകാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരാണ് ആദ്യ സംഘത്തില്‍ ഇടം നേടിയത്. 15,000 രൂപയാണ് നിലവിൽ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ലഭിച്ച യാത്രക്കാർക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശനമുള്ളൂ. യാത്രക്കാർക്ക് മാസ്കുകൾ, സാനിറ്റൈസർ എന്നിവ വിമാനത്താവളത്തിൽ ലഭ്യമാക്കും. എല്ലാവിധ ആരോഗ്യ നിർദേശങ്ങളും പാലിക്കാൻ സന്നദ്ധരാണ് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടു മാത്രമേ യാത്ര തുടരാനുമാവൂവെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.