റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തിനിടെ 65,000 വിദേശികള്‍ക്ക് ജോലി നഷ്ടമായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകളാണിത്. നിര്‍മ്മാണം, ചില്ലറ-മൊത്ത വ്യാപാരം എന്നീ മേഖലകളില്‍ ജോലി ചെയ്തിരുന്നവരാണ് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ അധികവും. സൗദി സര്‍ക്കാര്‍ വകുപ്പുകളിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജദ്‍വ ഇന്‍വെസ്റ്റ് കമ്പനി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2019 ജൂലൈ - സെപ്‍തംബര്‍ കാലയളവില്‍ നിര്‍മാണ മേഖലയില്‍ 41,000 വിദേശികള്‍ക്കും 8000 സൗദി പൗരന്മാര്‍ക്കും ജോലി നഷ്ടമായി. ചില്ലറ-മൊത്ത വ്യാപാര മേഖലയില്‍ 28,000 വിദേശികള്‍ക്കാണ് ജോലി നഷ്ടമായത്. ഈ മേഖലയില്‍ 7000 സൗദി പൗരന്മാരാണ് ഇക്കാലയളവില്‍ ജോലി ഉപേക്ഷിച്ചത്. വ്യവസായ മേഖലയില്‍ 7000 വിദേശികള്‍ക്കും 1600 സ്വദേശികള്‍ക്കും തൊഴില്‍ നഷ്ടമുണ്ടായി. അതേസമയം ചില മേഖലകളില്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജോലി ലഭിച്ചിട്ടുമുണ്ട്.  2017 മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 19.8 ലക്ഷം വിദേശികള്‍ക്ക് സൗദിയിലെ ജോലി നഷ്ടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പല മേഖലകളിലും സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ തൊഴിലുകളില്‍ 7000 പേരുടെയും വിദ്യാഭ്യാസ രംഗത്ത് 8000 പേരുടെയും വര്‍ദ്ധനവുണ്ടായി. നിയമം, എഞ്ചിനീയറിങ്, കണ്‍സള്‍ട്ടിങ് രംഗങ്ങളില്‍ 3700 സ്വദേശികളാണ് അധികമായെത്തിയത്. ആരോഗ്യ മേഖലയിലും 3700 സ്വദേശികള്‍ക്ക് അധികമായി തൊഴില്‍ ലഭിച്ചു. നിതാഖാത്തില്‍ മഞ്ഞ വിഭാഗം ഒഴിവാക്കിയതോടെ പച്ച കാറ്റഗറിയിലേക്ക് മാറാന്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാവുകയും ചെയ്യും.

അതേസമയം സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 36 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനത്തോടെ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറയുമെന്ന് കരുതിയിരുന്നെങ്കിലും ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. ഇതാണ് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണം.