കുവൈത്തിലെ അഹമ്മദിയിൽ ലഹരി ഉപയോഗിച്ച് അമിതവേഗതയിൽ വാഹനമോടിച്ചയാൾ അപകടമുണ്ടാക്കി. ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ മറ്റൊരു കേസിൽ ഹവല്ലിയിൽ നിന്നും ലഹരി ഉപയോഗിച്ച കുവൈത്ത് പൗരനെയും പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ ലഹരി ഉപയോഗിച്ച് അമിത വേഗതയിൽ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത വ്യക്തിയെ പൊലീസ് പിടികൂടി. അഹമ്മദി ഏരിയയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം, റോഡിൽ നിയന്ത്രണമില്ലാതെ ഓടിക്കൊണ്ടിരുന്ന ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അത് തടയാൻ ശ്രമിച്ചു. എന്നാൽ പൊലീസിനെ കണ്ട ഡ്രൈവർ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോവുകയും ഒരു മോട്ടോർ സൈക്കിളിൽ ഇടിക്കുകയുമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാലിന് ഒടിവ് സംഭവിക്കുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് അദ്ദേഹം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പ്രതിയെ അഹമ്മദി പൊലീസ് സ്റ്റേഷനിൽ തടങ്കലിലാക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ ഹവല്ലിയിൽ വെച്ച് നാൽപ്പത് വയസ്സുകാരനായ ഒരു കുവൈത്ത് പൗരനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ചതിന് ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ഇയാൾ നേരത്തെയും പല ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.