സൗദി അറേബ്യയില്‍  രണ്ടാം പാദവര്‍ഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നാം പാദത്തില്‍ ആകെ 69,500ല്‍പരം ഹൗസ്‌ ഡ്രൈവര്‍മാര്‍ക്ക് മൂന്ന് മാസത്തിനിടെ ജോലി നഷ്‍ടമായി.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മൂന്ന് മാസത്തിനിടെ മാത്രം 69,500 ഹൗസ്‌ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്‍ടമായതായി (Lost job) കണക്കുകള്‍. നിലവില്‍ രാജ്യത്ത് ജോലി ചെയ്യുന്ന 32.9 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളില്‍ (Domestic help) പകുതിയോളം പേരും ഹൗസ്‌ ഡ്രൈവര്‍മാരാണ് (House drivers). ഈ വര്‍ഷത്തെ മൂന്നാം പാദാവാസാനത്തിലെ കണക്കുകള്‍ പ്രകാരം ആകെ 17.5 ലക്ഷത്തോളം ഹൗസ്‌ ഡ്രൈവര്‍മാരാണ് രാജ്യത്തുള്ളത്.

രണ്ടാം പാദവര്‍ഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ 69,500ല്‍പരം ഹൗസ്‌ ഡ്രൈവര്‍മാര്‍ക്ക് മൂന്ന് മാസത്തിനിടെ ജോലി നഷ്‍ടമായിട്ടുണ്ട്. നിലവില്‍ പതിനേഴര ലക്ഷത്തോളം ഹൗസ്‌ ഡ്രൈവര്‍മാരുള്ളതില്‍ ആകെ 145 പേരാണ് വനിതകളുള്ളത്. ഗാര്‍ഹിക തൊഴിലാളികളില്‍ 25,241 പേര്‍ വാച്ച്‍മാനായും 2488 പേര്‍ ഹൗസ്‌ മാനേജര്‍മാരായും ജോലി ചെയ്യുന്നുണ്ട്. വാച്ച്‍മാന്‍മാരില്‍ 12 പേരും ഹൗസ്‌ മാനേജര്‍മാരില്‍ 1100 പേരുമാണ് സ്‍ത്രീകള്‍.

സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം അടുത്ത വര്‍ഷം മുതല്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമാക്കും. സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി തന്നെ കരാറുകളെ ഇന്‍ഷുറന്‍സ് പോളികളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിനുള്ള സംവിധാനം.