Asianet News MalayalamAsianet News Malayalam

റിക്രൂട്ടിങ് കമ്പനി എക്സിറ്റ് വീസ നൽകിയില്ല; ഗർഭിണിയടക്കം ഏഴ് മലയാളി നഴ്സുമാർക്ക് സൗദിയിൽ ദുരിതം

അൽ മവാരിദ് എന്ന റിക്രൂട്ട്മെന്‍റ് കമ്പനി വഴി സൗദിയില്‍ ജോലിക്കെത്തിയ നഴ്സുമാരാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. ഏഴുപേരില്‍ അഞ്ച് പേര്‍ ഈയടുത്താണ് സൗദിയിലെത്തിയത്

7 kerala nurses including pregnant woman awaiting exit visa at Saudi kgn
Author
First Published Feb 7, 2023, 9:39 AM IST

ദില്ലി: റിക്രൂട്ടിങ് കമ്പനി എക്സിറ്റ് വീസ നൽകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഗര്‍ഭിണി ഉൾപ്പെടെ ഏഴ് നഴ്സുമാര്‍ ദുരിതത്തില്‍. ഒരു മാസത്തോളമായി റിക്രൂട്ടിങ് കമ്പനിയുടെ ഹോസ്റ്റലില്‍ ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെ വീട്ടുതടങ്കലിലെന്ന പോലെ കഴിയുകയാണിവര്‍. എഴുപതിനായിരം രൂപ വീതം നല്‍കിയാല്‍ മാത്രമേ എക്സിറ്റ് വീസ അനുവദിക്കൂവെന്നാണ് കമ്പനിയുടെ നിലപാട്.

അൽ മവാരിദ് എന്ന റിക്രൂട്ട്മെന്‍റ് കമ്പനി വഴി സൗദിയില്‍ ജോലിക്കെത്തിയ നഴ്സുമാരാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. ഏഴുപേരില്‍ അഞ്ച് പേര്‍ ഈയടുത്താണ് സൗദിയിലെത്തിയത്. സൗദിയിലെ നഴ്സിങ് യോഗ്യതാ പരീക്ഷയായ പ്രോ മെട്രിക് പരീക്ഷയില്‍ ഇവര്‍ പരാജയപ്പെട്ടു. റിക്രൂട്ടിങ് ഏജന്‍സിക്ക് ചെലവായ തുക നല്‍കിയാല്‍ മാത്രമേ ഇവരെ തിരിച്ച് നാട്ടിലേക്ക് വിടൂവെന്നാണ് കമ്പനിയുടെ നിലപാട്. നാട്ടില്‍ ഏജന്‍റിന് ലക്ഷക്കണക്കിന് രൂപ നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്.

അവശേഷിക്കുന്ന രണ്ട് പേരും ഒരു വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്യുന്നവരാണ്. ഇതിലൊരാൾ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇവര്‍ക്ക് പ്രസവാവധി നല്‍കാനാകില്ലെന്ന് കാണിച്ച് ഏജന്‍സി ഇവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണവും ചികിത്സയും ലഭിക്കാതെയാണ് ഇവര്‍ ഏജന്‍സിയുടെ വീട്ട് തടങ്കലില്‍ കഴിയുന്നത്. ഗര്‍ഭിണിയായ യുവതിക്ക് വയറുവേദനയുണ്ടായപ്പോൾ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ പോലും കമ്പനി തയാറായില്ല. കമ്പനിയിലെ മലയാളി ഉൾപ്പെടെയുള്ള ജീവനക്കാര്‍ മോശമായാണ് പെരുമാറുന്നതെന്നും ഇവര്‍ പറയുന്നു.

കമ്പനി യഥാസമയം എക്സിറ്റ് വീസ അനുവദിക്കാത്തതിനാല്‍ ഒരാളുടെ കല്യാണം പോലും മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ്. നഴ്സുമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സിറ്റ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസി കമ്പനിക്ക് കത്ത് നല്‍കി. ഇതുവരെയും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios