അനാച്ഛാദനം ചെയ്ത ലോഗോ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ പ്രതീകപ്പെടുത്തുന്ന ഒന്നാണ്.
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ 70-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ചേർന്ന് പ്രത്യേകം രൂപകൽപ്പന ചെയ്ത ലോഗോ മസ്കറ്റിൽ അനാച്ഛാദനം ചെയ്തുകൊണ്ടാണ് അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.
അനാച്ഛാദനം ചെയ്ത ലോഗോ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ പ്രതീകപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യയും ഒമാനും നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാരം, വാണിജ്യം, ശക്തമായ ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുടെ ചരിത്രം ഇതിൽ പങ്കുവെക്കുന്നുണ്ട്. മസ്കറ്റിൽ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് 1955 ഫെബ്രുവരിയിൽ സ്ഥാപിതമായതോടെയാണ് ഔപചാരികമായി നയതന്ത്ര ബന്ധം സ്ഥാപനവൽക്കരിക്കപ്പെട്ടത്. ഇന്ത്യൻ കോൺസുലേറ്റ് 1960-ൽ കോൺസുലേറ്റ് ജനറലായും പിന്നീട് 1971-ൽ എംബസിയായും ഉയർത്തപ്പെട്ടു. 1972-ൽ ദില്ലിയിൽ ഒമാൻ എംബസിയും 1976-ൽ മുംബൈയിൽ ഒമാൻ കോൺസുലേറ്റ് ജനറലും തുറന്നുകൊണ്ട് ഒമാൻ പരസ്പര സഹകരണത്തിന്റെ ആഴവും പരപ്പും ശക്തിപ്പെടുത്തുകയുണ്ടായി
ഈ നാഴികക്കല്ല് അനുസ്മരിക്കുന്നതിനായി, 2025 ൽ ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന നിരവധി പരിപാടികളും സംരംഭങ്ങളും ഇരു രാജ്യങ്ങളിലും സംഘടിപ്പിക്കും. ഈ പ്രവർത്തനങ്ങൾ ഇന്ത്യ-ഒമാൻ പങ്കാളിത്തത്തിന്റെ ശക്തിയും അതിന്റെ തുടർച്ചയായ പരിണാമവും എടുത്തുകാണിക്കുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
എട്ടാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കെടുക്കാൻ മസ്‌കറ്റിൽ എത്തിയ ഡോ. ജയ്ശങ്കർ മുഖ്യപ്രഭാഷണം നടത്തിയതിനോട് അനുബന്ധിച്ചായിരുന്നു ലോഗോ പ്രകാശന ചടങ്ങ് നടന്നത്. സന്ദർശന വേളയിൽ ഡോ. എസ് ജയ്ശങ്കർ, ഒമാൻ വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പരസ്പര താൽപ്പര്യമുള്ള പ്രധാന മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്യുകയുണ്ടായി.
സപ്തതി ആഘോഷം ഇന്ത്യയുടെയും ഒമാന്‍റെയും മുൻകാല നേട്ടങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല, തുടർച്ചയായ പങ്കാളിത്തത്തിന്‍റെയും പങ്കിട്ട സമൃദ്ധിയുടെയും ഭാവിക്ക് വേദിയൊരുക്കുകയും ചെയ്യുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസിയുടെ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
