മസ്‌കറ്റ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ച സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 72 പേര്‍ക്ക് ഒമാനില്‍ പിഴ ചുമത്തി. എല്ലാവര്‍ക്കും 500 റിയാല്‍ വീതമാണ് ബഹ്ലയിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്.

സെപ്തംബര്‍ 25ന് ഒരു ഫാം ഹൗസിലാണ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഇവര്‍ ഒത്തുകൂടിയത്. കൊവിഡ് നിയമലംഘനത്തിന് ശിക്ഷ ലഭിച്ചവരുടെ പേരും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന നടപടിക്ക് പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനം നിലവില്‍ വരുന്നതിന് മുമ്പ് നിയമലംഘനം നടന്നതിനാല്‍ പിടിയിലായ 72 പേരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.