ദോഹ: ഖത്തറില്‍ ശനിയാഴ്ച 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 337 ആയി. ഇന്നലെ 58 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ ഭൂരിപക്ഷവും പ്രവാസികളാണ്.

നേരത്തെ വൈറസ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികളുമായി ബന്ധമുണ്ടായിരുന്നവര്‍ക്കാണ് ഇന്നും രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം പ്രവാസികളാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എല്ലാവരെയും ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരണാണെന്നും എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  രാജ്യത്ത് ഇതുവരെ 5309 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും കണ്ടെത്തി പരിശോധിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് അധികൃതര്‍.