ദുബായ്: വീട്ടിലെ പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി വിദേശിയുടെ ഭാര്യമാര്‍ തമ്മിലടിച്ചത് ഒടുവില്‍ കോടതികയറി. ദുബായ് പ്രഥമിക കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ 75കാരന്റെ ഭാര്യമാരിലൊരാള്‍ക്ക് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ശാരീരിക അതിക്രമം, അസഭ്യവര്‍ഷം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു രണ്ട് ഭാര്യമാര്‍ക്കും ഭര്‍ത്താവിനുമെതിരെ ചുമത്തിയിരുന്നത്.

മേയ് 11നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരന്റെ ഭാര്യമാരാണ് ദുബായില്‍ തമ്മിലടിച്ചത്. 75കാരനായ ഇയാളുടെ 37ഉം 25ഉം വയസുള്ള ഭാര്യമാര്‍ ഒരുവീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. 25കാരിയാണ് കാര്‍ മാറ്റിയിടണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് 37കാരി പരാതിപ്പെട്ടു. കാര്‍ മാറ്റിയിട്ടില്ലെങ്കില്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി. അതേസമയം ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് 25കാരിയും പരാതിപ്പെട്ടു. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് ഇവരുടെ പരാതികളിന്മേല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ ഒന്‍പത് വയസുള്ള മകനെയാണ് 37കാരി സാക്ഷിയായി ഹാജരാക്കിയത്. ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായെന്ന് കുട്ടി പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞു. 

വിചാരണയ്ക്കൊടുവില്‍ 25കാരിക്ക് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഭര്‍ത്താവിനും ആദ്യ ഭാര്യക്കുമെതിരായ കേസുകളില്‍ വിചാരണ തുടരുകയാണ്. ശാരീരിക ഉപദ്രവം, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.