കുവൈറ്റി പുരാവസ്തു ഗവേഷകരായ സുല്‍ത്താന്‍ അല്‍ ദുവൈഷ്, ഹാമിദ് അല്‍ മുതൈരി എന്നിവര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് ബഹ്റ പ്രദേശത്ത് നിന്ന് 7000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഒരു ക്ഷേത്രത്തിന്റെയും മറ്റ് പൊതു സ്ഥലത്തിന്റെയും അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹികമായി ഏറെ വികാസം പ്രാപിച്ച ഒരു ജനത  ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുവൈറ്റ് തീരത്ത് അധിവസിച്ചിരുന്നുവെന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 7500 വര്‍ഷം പഴക്കമുള്ള ക്ഷേത്ര നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കുവൈറ്റ് സമുദ്രത്തിന്റെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ബഹ്റ പ്രദേശത്ത് നിന്നാണ് വാര്‍സോ സര്‍വകലാശാലയിലെ പോളിഷ് സെന്റര്‍ ഓഫ് മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയില്‍ നിന്നുള്ള പ്രൊഫസര്‍ പീറ്റര്‍ ബെലിന്‍സ്കിയും സംഘവും ഇവ കണ്ടെടുത്തത്. ഉബൈദ് സംസ്കാരത്തിന്റെ ഭാഗമാണിവയെന്നാണ് ഗവേഷകരുടെ അനുമാനം.

കുവൈറ്റി പുരാവസ്തു ഗവേഷകരായ സുല്‍ത്താന്‍ അല്‍ ദുവൈഷ്, ഹാമിദ് അല്‍ മുതൈരി എന്നിവര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് ബഹ്റ പ്രദേശത്ത് നിന്ന് 7000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഒരു ക്ഷേത്രത്തിന്റെയും മറ്റ് പൊതു സ്ഥലത്തിന്റെയും അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹികമായി ഏറെ വികാസം പ്രാപിച്ച ഒരു ജനത ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുവൈറ്റ് തീരത്ത് അധിവസിച്ചിരുന്നുവെന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മതപരമായ ചടങ്ങളുകള്‍ക്കുപയോഗിച്ചിരുന്ന കെട്ടിടമാണ് പ്രധാനമായും കണ്ടെത്തിയതെന്നും ഇത് ഉബൈദ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് അനുമാനിക്കുന്നുവെന്നുമാണ് പ്രൊഫസര്‍ പീറ്റര്‍ ബെലിന്‍സ്കി അഭിപ്രായപ്പെട്ടത്.

ഈ പ്രദേശത്ത് ആദ്യമായി സ്ഥിരതാമസമാക്കിയെന്ന് അനുമാനിക്കപ്പെടുന്ന ഉബൈദ് സംസ്കാരത്തെപ്പറ്റി ഇന്നും അധികവിവരങ്ങളില്ല. കാര്‍ഷിക വൃത്തിയില്‍ അധിഷ്ഠിതമായി ജീവിച്ച ഇവര്‍ക്ക് മെച്ചപ്പെട്ട ജലസേചന സംവിധാനങ്ങളുണ്ടായിരുന്നു. പ്രദേശത്ത് ആദ്യമായി ക്ഷേത്ര അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടതും ഉബൈദ് സംസ്കാരത്തില്‍ നിന്നുതന്നെ. അറേബ്യന്‍ ഗള്‍ഫ് പ്രദേശത്ത് നിന്നുതന്നെ കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കമുള്ള പുരാവസ്തുക്കളാണിവ. നേരത്തെ ബഹ്റയില്‍ നിന്ന് 16,000ഓളം പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.