2019ല്‍ നടന്നത് പോലെ രാജ്യത്ത് ഊര്‍ജിതമായ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു.
മസ്‍കത്ത്: ഒമാനില്‍ ഇതുവരെ 76 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‍കത്ത്, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റുകളിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്‍ച നടന്ന ദേശീയ തലത്തിലെ അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു.
2019ല്‍ നടന്നത് പോലെ രാജ്യത്ത് ഊര്‍ജിതമായ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിമാര്‍, രാജ്യത്ത് ഡെങ്കി, മലേറിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ചുമതലയുള്ള വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. കൊതുക് നശീകരണത്തിനായി രാസവസ്‍തുക്കള്‍ സ്‍പ്രേ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരത്തെ തന്നെ രാജ്യത്ത് നടന്നുവരികയാണ്. ഒമാനില്‍ ഇത് ആദ്യമായല്ല ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
