Asianet News MalayalamAsianet News Malayalam

ചികിത്സാപ്പിഴവ്; ഷാര്‍ജയില്‍ മലയാളി യുവതി മരിച്ചു, 78 ലക്ഷം രൂപ നഷ്ടപരിഹാരം

ഡോക്ടര്‍ ബ്ലെസിക്ക് ആന്‍റിബയോട്ടിക് ഇന്‍ജക്ഷന്‍ നല്‍കി. ഇതോടെ ബ്ലെസി ബോധരഹിതയായി.

78 lakhs compensation for woman died in Sharjah due to medical negligence
Author
Sharjah - United Arab Emirates, First Published Sep 6, 2019, 6:43 PM IST

ഷാര്‍ജ: സ്വകാര്യ ക്ലിനിക്കിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ 78 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഷാര്‍ജ കോടതി. കൊല്ലം പത്തനാപുരം സ്വദേശിയായ ബ്ലെസി ടോമാണ് മരിച്ചത്. 

നഷ്ടപരിഹാരമായി 39 ലക്ഷം രൂപയും കോടതി ചെലവിനത്തില്‍ മറ്റൊരു 39 ലക്ഷം രൂപയും മരിച്ച യുവതിയെ ചികിത്സിച്ച ഷാര്‍ജയിലെ ഡോ. സണ്ണി മെഡിക്കല്‍ സെന്‍ററും ഡോക്ടര്‍ ദര്‍ശന്‍ പ്രഭാത് രാജാറാം പി നാരായണരായും അടയ്ക്കണം. ബ്ലെസി ടോമിന്‍റെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിനും അവരുടെ രണ്ടു മക്കള്‍ക്കുമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. 

ഷാര്‍ജ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു ബ്ലെസി ടോം. സ്തനത്തിലെ രോഗാണുബാധയെ തുടര്‍ന്ന് 2015 നവംബറിലാണ് ബ്ലെസി ചികിത്സ തേടി ക്ലിനിക്കിലെത്തിയത്. ഡോക്ടര്‍ ബ്ലെസിക്ക് ആന്‍റിബയോട്ടിക് ഇന്‍ജക്ഷന്‍ നല്‍കി. ഇതോടെ ബ്ലെസി ബോധരഹിതയായി. ഉടന്‍ തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്സിമി ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് ബ്ലെസി ഷാര്‍ജയില്‍ താമസിച്ചിരുന്നത്. ദുബായ് മുനിസിപ്പാലിറ്റിയിലെ ലാബ് അസിസ്റ്റന്‍റാണ് ബ്ലെസിയുടെ ഭര്‍ത്താവ് ജോസഫ് അബ്രഹാം. 

ബ്ലെസി മരിച്ചതോടെ ഡോക്ടര്‍ നാരായണരാ യുഎഇയില്‍ നിന്ന് നാടുവിട്ടു. ബ്ലെസിയുടെ മരണം ചികിത്സാപ്പിഴവ് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുകയും മരുന്നിന്‍റെ റിയാക്ഷന്‍ മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന് നഷ്ടപരിഹാം നല്‍കണമെന്ന് കോടതി വിധിച്ചത്. ഇപ്പോള്‍ ഇന്ത്യയിലുള്ള ഡോക്ടര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios