ദുബായ്: കൊവിഡിനെ പ്രതിരോധിക്കാന്‍ 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം രാത്രി 10മണിക്ക് ദുബായിലെത്തും. യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരമാണ് കേന്ദ്രസർക്കാർ മെഡിക്കൽ സംഘത്തെ യുഎഇയിലേക്ക് അയക്കാന്‍ അനുമതി നല്‍കിയത്ത്.  

വിദഗ്ധ ഡോക്ടർമാർ, നഴ്സസുമാർ തുടങ്ങിയവരുൾപ്പെടുന്നതാണ് സംഘം. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളില്‍ നിന്നുള്ള ജീവനക്കാരുടെ സംഘം ബംഗളുരു വിമാനത്താവളത്തില്‍ നിന്നാണ് പ്രത്യേക വിമാനത്തില്‍ ദുബായിലേക്ക് യാത്ര തിരിച്ചത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണിവര്‍. യുഎഇയിൽ നിന്നു അവധിക്കു നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ട്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യമാണ് സഹായത്തിലൂടെ പ്രതിഫലിക്കുന്നതെന്നു ദുബായിലെ ഇന്ത്യന്‍ കേണ്‍സുലേറ്റ് അറിയിച്ചു. നേരത്തേ 55 ലക്ഷം  ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഇന്ത്യ യുഎഇക്കു കൈമാറിയിരുന്നു.