അബുദാബി: യുഎഇയില്‍ ഇന്ന് 915 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1295 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗ വ്യാപനം ആയിരത്തിന് മുകളിലായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 77,000 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് 1.17 കോടിയിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം രാജ്യത്ത് 1,16,517 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,08,811 പേരും രോഗമുക്തരായി. 466 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 7,240 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വീഴ്‍ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ് അധികൃതര്‍.