കുവൈത്തില്‍ നിന്ന് മടങ്ങിയ പ്രവാസികളില്‍ ഒരുവിഭാഗം പിന്നീട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന യാത്രാ പ്രതിസന്ധി മാറിയതോടെ മടങ്ങിവരികയും ചെയ്‍തു.
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിക്കാലത്ത് (Covid crisis) കുവൈത്തില്‍ നിന്ന് 97802 പ്രവാസി ഇന്ത്യക്കാര്‍ (Indian Expats) നാട്ടിലേക്ക് മടങ്ങിയതായി കുവൈത്തിലെ ഇന്ത്യന്‍ അംബംസഡര്‍ (Indian Ambassador to Kuwait) സിബി ജോര്‍ജ്. ഇവരില്‍ ചിലര്‍ പിന്നീട് തിരികെ വന്ന് ജോലികളില്‍ പ്രവേശിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഏഴ് ലക്ഷത്തോളം പ്രവാസികള്‍ കൊവിഡ് കാലത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.
കുവൈത്തില്‍ നിന്ന് മടങ്ങിയ പ്രവാസികളില്‍ ഒരുവിഭാഗം പിന്നീട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന യാത്രാ പ്രതിസന്ധി മാറിയതോടെ മടങ്ങിവരികയും ചെയ്‍തു. അത്യാവശ്യ സാഹചര്യങ്ങളില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയത് യുഎഇയില്‍ നിന്നാണ്. 3,30,058 പേരാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോയത്. സൗദി അറേബ്യയില്‍ നിന്ന് 1,37,900 പേരും ഒമാനില്‍ നിന്ന് 72,259 പേരും ഇക്കാലയളവില്‍ രാജ്യത്തേക്ക് മടങ്ങിയതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
