35 ലക്ഷം ദിർഹം പിഴയാണ് ചുമത്തിയിരിക്കുന്നത്
അബുദാബി: ശരിയാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബാങ്കിന് പിഴയിട്ട് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. 35 ലക്ഷം ദിർഹം പിഴയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ ആറ് മാസത്തേക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിൽ നിന്നും ബാങ്കിനെ വിലക്കിയിട്ടുണ്ട്. യുഎഇയിൽ ബാങ്കുകൾ ശരിയാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിൽ ഈ ബാങ്ക് ശരിയാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടം നിയന്ത്രിക്കുന്ന നിയമത്തിലെ 137ാം വകുപ്പ് പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ബാങ്കിന്റെ പേരോ മറ്റ് വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎഇയിലെ ബാങ്കിങ് മേഖലയിലെ സുതാര്യതയും സമഗ്രതയും ഉയർത്തിപ്പിടിക്കുന്നതിനായി രാജ്യത്ത് സ്ഥാപിച്ചിരിക്കുന്ന എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാ ധനകാര്യ സ്ഥാപനങ്ങളും പാലിക്കണമെന്നും പരിശോധനകൾ ഇനിയും തുടരുമെന്നും യുഎഇ സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു.


