ഭൂരിപക്ഷം വനിതാപങ്കാളിത്തം, ചെയർപേഴ്സണും വനിത; റിയാദ് ഇന്ത്യൻ സ്കൂളിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
സോഫ്റ്റ് വെയർ എൻജിനീയർ കൂടിയായ ചെയർപേഴ്സൺ ഷഹ്നാസ് അബ്‍ദുൾ ജലീൽ സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി നിയമിക്കപ്പെട്ടതിൽ അഭിമാനിക്കുന്നതായി ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു
റിയാദ്: ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. സ്കൂളിലെ കോൺഫറൻസ് ഹാളിൽ എംബസി ഇൻഫർമേഷൻ കൾച്ചർ എജുക്കേഷൻ ഫസ്റ്റ് സെക്രട്ടറി ദിനേഷ് സെറ്റിയയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങളായ പ്രഷീൻ അലി, ഷഹ്സീൻ ഇറാം, ഡോ. സുമയ്യ, സെയ്യിദ് സഫർ അലി എന്നിവർ നേരിട്ടും ചെയർപേഴ്സൺ ഷഹ്നാസ് അബ്‍ദുൾ ജലീലും മറ്റൊരു അംഗം ഡോ. സാജിദ് ഹുസ്നയും ഓൺലൈനിലും പങ്കെടുത്ത് ചുമതലകളേറ്റെടുത്തു.
സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളുടെ നിരീക്ഷകൻ കൂടിയായ ദിനേഷ് സെറ്റിയയെ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ സ്വാഗതം ചെയ്യുകയും ഭരണസമിതി അംഗങ്ങൾ അദ്ദേഹത്തിന് ബൊക്കെ സമ്മാനിക്കുകയും ചെയ്തു. പുതിയ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങൾ സ്കൂളിന്‍റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതിനാൽ വിദ്യാർഥികളുടെ ക്ഷേമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ദിനേശ് സെറ്റിയ പറഞ്ഞു. സ്കൂളിനെയും അതിന്‍റെ ആസ്തികളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം എല്ലാവരേയും ഓർമിപ്പിച്ചു.
സോഫ്റ്റ് വെയർ എൻജിനീയർ കൂടിയായ ചെയർപേഴ്സൺ ഷഹ്നാസ് അബ്‍ദുൾ ജലീൽ സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി നിയമിക്കപ്പെട്ടതിൽ അഭിമാനിക്കുന്നതായി ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. സ്കൂളിന്‍റെ വളർച്ചയ്ക്കും വിജയത്തിനും സംഭാവന ചെയ്യാനുള്ള അവസരത്തിൽ ആവേശഭരിതയാണ്. ലക്ഷ്യങ്ങൾ നേടുന്നതിനും വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതിനും ഓരോ കമ്മിറ്റി അംഗവുമായും യോജിച്ച് പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സ്കൂളിന്‍റെ ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യയുടെ ‘വിഷൻ 2030’ കാഴ്ചപ്പാടിന് അനുസൃതമായി ഭൂരിപക്ഷം സ്ത്രീ പ്രാതിനിധ്യമുള്ള ഒരു മാനേജ്മെൻറ് കമ്മിറ്റി ഉണ്ടായത് ഇന്ത്യൻ എംബസിയുടെ സ്വാഗതാർഹമായ നീക്കമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ പറഞ്ഞു. ഇതൊരു സുപ്രധാന സന്ദർഭമാണ്. ഈ കമ്മിറ്റിയുടെ ഒറ്റക്കെട്ടായ പ്രവർത്തനം, അർപ്പണബോധം, നിസ്വാർഥത എന്നിവ സ്കൂളിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും ഭാവിയിലെ ഇന്ത്യൻ പൗരന്മാരുടെ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മീര റഹ്മാൻ പ്രത്യാശ പ്രകടിപ്പിച്ചു. എംബസിക്ക് കീഴിൽ സൗദി അറേബ്യയിൽ 11 ഇന്ത്യൻ ഇൻറർനാഷണല്‍ സ്കൂളുകളും 38 സിബിഎസ്ഇ അഫലിയേറ്റഡ് സ്കൂളുകളുമാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം