സ്‍കൂളില്‍ നടന്ന ചില പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്. ചില കുട്ടികള്‍ മഴവില്‍ പതാക ആലേഖനം ചെയ്‍ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത് ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. 

മനാമ: ബഹ്റൈനിലെ ഒരു സ്‍കൂളില്‍ നടന്ന പരിപാടികളെച്ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് സ്‍കൂള്‍ അധികൃതര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചു. ചിത്രങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്‍കൂള്‍ അധികൃതരുടെ തീരുമാനം. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്‍കൂളില്‍ നടന്ന ചില പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്. ചില കുട്ടികള്‍ മഴവില്‍ പതാക ആലേഖനം ചെയ്‍ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത് ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. അതേസമയം പരിപാടി മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ സംഭവിച്ചുവെന്ന് തോന്നുന്നില്ലെന്നും എന്നാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ പരിപാടിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറ്റുന്നതാണ് നല്ലതെന്നും. പ്രശ്‍നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം സൂചിപ്പിച്ചു.

ഈ വിഷയത്തില്‍ രക്ഷിതാക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റ് അംഗം മറിയം അല്‍ സയേഗ് പറഞ്ഞു. തുറന്ന ചിന്താഗതിയും പുരോഗമനവും പറഞ്ഞ് പാരമ്പര്യത്തെയും മൂല്യങ്ങളെയും ഹനിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ബഹ്റൈനിലെ നിയമങ്ങളോടും ചട്ടങ്ങളോടും പൂര്‍ണമായ പിന്തുണയാണ് തങ്ങള്‍ നല്‍കുന്നതെന്ന് ആരോപണ വിധേയമായ സ്‍കൂള്‍ പ്രതികരിച്ചു. ചില ചിത്രങ്ങള്‍ക്ക് അവയുടെ സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായ അര്‍ത്ഥങ്ങള്‍ കല്‍പിക്കപ്പെട്ടെന്ന് മനസിലായ ഉടനെ അവ നീക്കം ചെയ്യുകയായിരുന്നുവെന്നും സ്‍കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

Read also: യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നു