പുതുവര്‍ഷപ്പിറവിക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഡിസംബര്‍ 31ന് രാത്രിയിലുള്ള ഈ റസ്റ്റോറന്റ് ബില്ലിലെ ആകെ തുക 6,20,926.61 ദിര്‍ഹമാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടിയാല്‍ ഏതാണ്ട് 1.25 കോടി രൂപ വരും ഇത്.
ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ പുതുവത്സരപ്പിറവി ആഘോഷങ്ങളിലൊന്നാണ് എല്ലാക്കൊല്ലവും ദുബൈയില്‍ അരങ്ങേറുന്നത്. ഇക്കുറിയും അതിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ ദുബൈയിലെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ഒഴുകിയെത്തിയിരുന്നു. പൊടിപൊടിച്ച ആഘോഷം അവസാനിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു റസ്റ്റോറന്റ് ബില്ലാണ്.
മറ്റൊന്നും കൊണ്ടല്ല ബില്ലിലെ തുക കണ്ട് കണ്ണുതള്ളിയവരാണ് കൗതുകപൂര്‍വം അത് പങ്കുവെയ്ക്കുന്നതും. പുതുവര്‍ഷപ്പിറവിക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഡിസംബര്‍ 31ന് രാത്രിയിലുള്ള ഈ റസ്റ്റോറന്റ് ബില്ലിലെ ആകെ തുക 6,20,926.61 ദിര്‍ഹമാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടിയാല്‍ ഏതാണ്ട് 1.25 കോടി രൂപ വരും ഇത്. ദുബൈ ഡൗണ്‍ടൗണിലെ ഒരു റസ്റ്റോറന്റില്‍ നിന്നുള്ള ബില്ല്, ഇവിടുത്ത ജനറല്‍ മാനേജറായ മെര്‍ട് തുര്‍ക്മെന്‍ എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്‍തത്. ബില്ല് ആര്‍ക്കാണ് ലഭിച്ചതെന്നോ മറ്റ് കാര്യങ്ങളോ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 'ആദ്യത്തേതല്ല, അവസാനത്തേതുമല്ല' എന്ന് മാത്രമാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 18 പേര്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ക്കുള്ള ബില്ലാണ് ഇതെന്ന് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 
വര്‍ണാഭമായ പുതുവര്‍ഷപ്പിറവി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഡൗണ്‍ടൗണിലെ റസ്റ്റോറന്റുകളിലും കഫേകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സീറ്റുകളൊക്കെ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം റിസര്‍വേഷന്‍ തരപ്പെടുത്താനെത്തിയവരും നിരവധിയായിരുന്നു. യുഎഇയിലെ റസ്റ്റോറന്റ് നല്‍കിയ കണ്ണ് തള്ളിപ്പോകുന്ന ബില്ല് ഇതാദ്യമായാല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നേരത്തെ അബുദാബിയിലെ ഒരു റസ്റ്റോറന്റിലെ 6,15,065 ദിര്‍ഹത്തിന്റെ ബില്ലും സമാനമായ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. റസ്റ്റോറന്റ് ഉടമ തന്നെ തന്റെ വെരിഫൈഡ് ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു അന്ന് ആ ബില്ല് ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. ഗുണനിലവാരത്തിന് ഒരിക്കലും വില അധികമല്ലെന്നായിരുന്നു അതിന് അദ്ദേഹം നല്‍കിയ വിവരണം.
