അബുദാബി: ഫൈസര്‍ - ബയോഎന്‍ടെക് കൊവിഡ് വാക്സിന് അബുദാബി ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കി. അബുദാബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലായുള്ള 11 സെന്ററുകള്‍ വഴി ഫൈസര്‍‌ വാക്സിന്‍ ലഭ്യമാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിക്കുക.

അതേസമയം നേരത്തെ സിനോഫാം വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തവര്‍, മറ്റേതെങ്കിലും വാക്സിന്റെ ഒന്നോ അധിലധികമോ ഡോസ് സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, ചില പ്രത്യേക ആരോഗ്യ പ്രശ്‍നങ്ങളുള്ളവര്‍, വാക്സിന്റെ ഏതെങ്കിലും ഘടകത്തോട് അലര്‍ജിയുള്ളവര്‍, 16 വയസില്‍ താഴെ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കില്ല.

സേഹയുടെ ആറ് സെന്ററുകളില്‍ (അബുദാബിയില്‍ 1, അല്‍ ഐനില്‍ 2, അല്‍ ദഫ്റയില്‍ 1) വാക്സിനേഷന് അപ്പോയിന്റ്മെന്റ് എടുക്കാന്‍ 80050 എന്ന നമ്പറില്‍ ബന്ധപ്പെടണം. മുബാദല ഹെല്‍ത്തിന്റെ ഭാഗമായുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ (അബുദാബിയില്‍ 4, അല്‍ ഐനില്‍ 2) അപ്പോയിന്റ്മെന്റുകള്‍ക്കായി 8004959 എന്ന നമ്പറില്‍ വിളിക്കുകയോ MCV@telemed.ae എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ വേണം. അതേസമയം എമിറേറ്റിലെ 133 സ്ഥലങ്ങളില്‍ സിനോഫാം വാക്സിന്‍ ലഭ്യമാണ്.