ഭര്‍ത്താവ് അപമാനിച്ചത് തന്നെ വേദനിപ്പിച്ചതായും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മുമ്പില്‍ തന്റെ മതിപ്പ് ഇല്ലാതാക്കിയതായും യുവതി കൂട്ടിച്ചേര്‍ത്തു.

അബുദാബി: ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത ഭര്‍ത്താവ് 30,000 ദിര്‍ഹം(5.9 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി. ഭര്‍ത്താവ് എപ്പോഴും മര്‍ദ്ദിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. മര്‍ദ്ദനത്തില്‍ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റതായും ഇവര്‍ വ്യക്തമാക്കി.

കൂടാതെ വീട്ടില്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് തന്റെ ആത്മാഭിമാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ ഭര്‍ത്താവ് പെരുമാറിയതായും യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് അപമാനിച്ചത് തന്നെ വേദനിപ്പിച്ചതായും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മുമ്പില്‍ തന്റെ മതിപ്പ് ഇല്ലാതാക്കിയതായും യുവതി കൂട്ടിച്ചേര്‍ത്തു. കേസ് പരിഗണിച്ച പ്രാഥമിക കോടതി ഭാര്യയെ അധിക്ഷേപിച്ചതിനും ആക്രമിച്ചതിനും ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പരാതിക്കാരിയായ അറബ് സ്ത്രീ 400,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഭര്‍ത്താവ് യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി പ്രാഥമിക കോടതി വിധിച്ചു. എന്നാല്‍ ഈ വിധിക്കെതിരെ യുവതി അപ്പീല്‍ നല്‍കി. തുടര്‍ന്നാണ് യുവതിക്ക് 30,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ മേല്‍ക്കോടതി ഉത്തരവിട്ടത്.