അബുദാബി: അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള കൊവിഡ് പരിശോധനാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമില്ല. സെപ്‍തംബര്‍ അഞ്ച് ശനിയാഴ്‍ച മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

പരിശോധനകള്‍ വര്‍ദ്ധിപ്പിച്ച് കൊവിഡ് രോഗബാധിതരെ പരമാവധി നേരത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബിയില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളില്‍  മാറ്റം വരുത്തുന്നതായാണ് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചത്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനയിലോ ഡി.പി.ഐ ലേസര്‍ ദ്രുത പരിശോധനയിലോ നെഗറ്റീവാണെങ്കില്‍ ശനിയാഴ്‍ച മുതല്‍ അബുദാബിയില്‍ പ്രവേശിക്കാം. ദ്രുത പരിശോധനയ്ക്ക് മുമ്പ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവായിരിക്കണമെന്ന നേരത്തെയുണ്ടായിരുന്ന നിബന്ധന എടുത്തുകളഞ്ഞു. പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകാതെ തന്നെ ഡി.പി.ഐ ടെസ്റ്റ് നടത്തി അബുദാബിയിലേക്ക് പ്രവേശിക്കാം.

അതേസമയം തുടര്‍ച്ചയായി ആറ് ദിവസമോ അതില്‍ കൂടുതലോ അബുദാബിയില്‍ താമസിക്കുകയാണെങ്കില്‍ ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. എന്നാല്‍ യുഎഇയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. ഇക്കൂട്ടര്‍ക്ക് സുഗമമായ യാത്രയ്ക്ക് വേണ്ടി എമര്‍ജന്‍സി വാഹനങ്ങളുടെ ലേന്‍ ഉപയോഗിക്കാമെന്നും അബുദാബി മീഡിയാ ഓഫീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.