ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ദേശീയ ദിനാശംസകൾ നേർന്ന് അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ജനങ്ങൾക്കും താമസക്കാർക്കും തന്റെ ഊഷ്മളമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി അമീർ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
ദോഹ: ഖത്തർ ദേശീയ ദിനത്തിൽ ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ദേശീയ ദിനാശംസകൾ നേർന്ന് അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. എല്ലാ വർഷവും ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ജനങ്ങൾക്കും താമസക്കാർക്കും തന്റെ ഊഷ്മളമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി അമീർ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ, സമൃദ്ധി, പുരോഗതി എന്നിവ നിലനിർത്താൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അമീർ പോസ്റ്റിൽ കുറിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ലുസൈൽ കൊട്ടാരത്തിന്‍റെ അങ്കണത്തിൽ നടന്ന ഖത്തരി പരമ്പരാഗത വാൾ നൃത്തമായ അർദയിൽ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തിരുന്നു. അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ശെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, ശെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ താനി എന്നിവരും നിരവധി രാജകുടുംബാംഗങ്ങളും അമീറിനോപ്പം അർദയിൽ പങ്കാളികളായി. ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം, വിവിധ മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ, കൂടാതെ നിരവധി പൗരന്മാരും ചടങ്ങിൽ പങ്കെടുത്തു.


