സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും മാർഗ നിർദേശങ്ങളും പാലിക്കാൻ വിനോദ സഞ്ചാര ബോട്ടുകളുടെ ഉടമകൾക്ക് ഏജൻസി നിർദേശം നൽകി.
അബുദാബി: പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി. വിനോദ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഒരാൾക്കാണ് പിഴ ചുമത്തിയത്. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്ന് അധികൃതർ അറിയിച്ചു.
എമിറേറ്റിൽ മത്സ്യബന്ധനം കേവലം ഒരു വരുമാന മാർഗം എന്നതിലുപരി വിനോദ പരിപാടികളുടെയും ഭാഗമാണ്. അതുകൊണ്ടുതന്നെ സമുദ്ര വൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ നിരവധി നിയമങ്ങളും മാർഗ നിർദേശങ്ങളും നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, ചില സീസണുകളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും മാർഗ നിർദേശങ്ങളും പാലിക്കാൻ വിനോദ സഞ്ചാര ബോട്ടുകളുടെ ഉടമകൾക്ക് ഏജൻസി നിർദേശം നൽകി.
read more: യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുൽ ഹാദി അൽ ശൈഖ് അന്തരിച്ചു
പ്രതിദിന മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക് വാണിജ്യ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് ആവശ്യമാണ്. എന്നാൽ മിക്ക ബോട്ടുകളും ഈ ലൈസൻസ് നേടാറില്ല. ഇത് 2000 ദിർഹം വരെ പിഴ ലഭിക്കാവുന്ന പരിസ്ഥിതി നിയമ ലംഘനമാണെന്ന് ഏജൻസി അറിയിച്ചു. നിയമം ആവർത്തിച്ചാൽ ഒരു മാസത്തേക്ക് ബോട്ട് കണ്ടുകെട്ടുകയോ അല്ലെങ്കിൽ ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുമെന്നും ഏജൻസി അധികൃതർ വ്യക്തമാക്കി.
