യുഎഇയിലെ സ്ഥിരതാമസക്കാരും സന്ദര്‍ശകരും അടക്കമുള്ളവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് കാണിച്ചാല്‍ മാത്രമേ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കൂ. 

അബുദാബി: അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃകര്‍ വെളിപ്പെടുത്തി. അബുദാബിയില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യം, ആര്‍ക്കൊക്കെ ഇളവ് ലഭിക്കും തുടങ്ങിയ വിവരങ്ങളാണ് അബുദാബി മീഡിയ ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 

യുഎഇയിലെ സ്ഥിരതാമസക്കാരും സന്ദര്‍ശകരും അടക്കമുള്ളവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് കാണിച്ചാല്‍ മാത്രമേ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കൂ. അല്‍ ഹുസ്‍ന്‍ ആപ് വഴിയോ അല്ലെങ്കില്‍ എസ്.എം.എസ് വഴിയോ ഉള്ള റിസള്‍ട്ടാണ് കാണിക്കേണ്ടത്. ചരക്കുഗതാഗതത്തിന് ഇളവുണ്ട്. അബുദാബിക്ക് പുറത്തുനിന്ന് തൊഴിലാളികളെ എമിറേറ്റിലേക്ക് കൊണ്ടുവരുന്നതിന് ഇപ്പോഴും വിലക്ക് തുടരുകയാണ്.

ക്യാന്‍സര്‍,വൃക്ക സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി അപ്പോയിന്റ്മെന്റ്, 12 വയസില്‍ താഴെയുള്ള കുട്ടികള്‍, മന്ത്രാലയങ്ങളിലെയും നയതന്ത്ര കാര്യാലങ്ങളിലെയും ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അബുദാബിയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും കൊവിഡ് നെഗറ്റീവ് റിസള്‍ട്ടില്ലാതെ എമിറേറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

പ്രത്യേക പെര്‍മിറ്റില്ലാതെ അബുദാബിയില്‍ പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പുതിയ നിയന്ത്രണത്തിലൂടെ ചെയ്തതെന്ന് അധികൃതര്‍ വിശദീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണ് അബുദാബിയില്‍. നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ കൊവിഡ് രോഗികളില്ല. പരിശോധനകളില്‍ പുതിയതായി രോഗം കണ്ടെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ഈ സാഹചര്യത്തില്‍ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നതിനായി നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മീഡിയാ ഓഫീസ് വിശദീകരിക്കുന്നു.

Scroll to load tweet…