റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും അതാത് ലേനുകളിലൂടെ തന്നെ വാഹനം ഓടിക്കണമെന്ന് വ്യാഴാഴ്‍ച പുറത്തിറക്കിയ പ്രത്യേക പ്രസ്‍താവനയില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. 

അബുദാബി: യുഎഇയില്‍ (UAE) റോഡുകളിലും ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപവും പെട്ടെന്ന് ലേന്‍ മാറുന്ന (swerving or sudden changing of lanes) ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങളെ പിടികൂടാനായി പ്രത്യേക റഡാറുകള്‍ (Radars) സ്ഥാപിച്ചിട്ടുണ്ടെന്ന് അബുദാബി പൊലീസിന്റെ ട്രാഫിക് വിഭാഗം (Abu Dhabi Traffic Police) അറിയിച്ചു. ഇത്തരത്തില്‍ പെരുമാറുന്ന ഡ്രൈവര്‍മാര്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന (Road accidents) സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും അതാത് ലേനുകളിലൂടെ തന്നെ വാഹനം ഓടിക്കണമെന്ന് വ്യാഴാഴ്‍ച പുറത്തിറക്കിയ പ്രത്യേക പ്രസ്‍താവനയില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. പെട്ടെന്ന് മുന്നറിയിപ്പുകളില്ലാതെ ലേന്‍ മാറുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി മാറിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ ലേന്‍ പാലിക്കാതെ മുന്നോട്ട് നീങ്ങുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലേനുകള്‍ മാറുമ്പോള്‍ ഇന്റിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, പെട്ടെന്ന് ഒരു ലേനില്‍ നിന്ന് മറ്റൊരു ലേനിലേക്ക് മാറുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം (8000 ഇന്ത്യന്‍ രൂപ) പിഴ ചുമത്തും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കാതെ ലേനുകള്‍ മാറിയ കുറ്റത്തിന് മാത്രം അബുദാബിയില്‍ 16,378 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ട്രാഫിക് സിഗ്നലുകള്‍ക്ക് തൊട്ടടുത്ത് വെച്ച് മറ്റൊരു ലേനിലേക്ക് വാഹനം പെട്ടെന്ന് മാറ്റുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. വാഹനം ഓടിക്കുന്നവരുടെയും വാഹനത്തില്‍ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാവുന്നതിന് പുറമെ റോഡിലെ മറ്റ് വാഹനങ്ങളിലുള്ളവരുടെ സുരക്ഷക്ക് കൂടി ഭീഷണി ഉയര്‍ത്തുന്നതാണ് ഇത്തരം രീതികള്‍. നിയമങ്ങള്‍ പാലിച്ചുകൊണ്ട് ശരിയായ രീതിയില്‍ ലേന്‍ മാറുന്നത് സംബന്ധിച്ച അവബോധം പകരാനായി പ്രത്യേക വീഡിയോ ക്ലിപ്പും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരുന്നു. 

Scroll to load tweet…

നിരീക്ഷണ ക്യാമറകളില്‍ നിന്ന് ലഭിച്ച ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് വീഡിയോയിലൂടെ പൊലീസ് പുറത്തുവിട്ടത്. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ പൂര്‍ണശ്രദ്ധ ഡ്രൈവിങില്‍ തന്നെ ആയിരിക്കണമെന്നും ശ്രദ്ധ മാറുകയോ വാഹനത്തിന്റെ നിയന്ത്രണം നഷ്‍ടമാവുകയോ ചെയ്യാന്‍ സാധ്യതയുള്ള മറ്റ് പ്രവൃത്തികളിലൊന്നും ഡ്രൈവിങിനിടെ ഏര്‍പ്പെടരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read Also: വിവാഹം കഴിഞ്ഞിട്ട് നാലു മാസം; വഴക്കിനിടെ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി

സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്രാവിലക്ക്‌
റിയാദ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് (Travel ban) ഏര്‍പ്പെടുത്തി. കൊവിഡ് (covid) കാരണം സൗദി പൗരന്മാര്‍ക്ക് (Saudi Citizens) പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍ ഇന്ത്യയുണ്ട്.

ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.